EMAIL

info@dheevaratrust.com

Call Now

+91 484 4060435
+91 85472 41822

Save Ocean Safe

  • Home
  • Save Ocean Safe

ക്രൂഡ് ഓയിലിൽ നിന്നുണ്ടാക്കുന്ന പ്ലാസ്റ്റിക് മനുഷ്യജീവിതത്തിൻറെ ഭാഗമായി കഴിഞ്ഞിട്ട് നിരവധി ദശകങ്ങളായി. വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, കമ്പ്യൂട്ടറുകൾ തുടങ്ങി നിത്യജീവിതത്തിൻറെ നിരവധി തുറകളിൽ പ്ലാസ്റ്റിക് ലാഭകരമായി പ്രവർത്തിയ്ക്കുന്നു. എന്നിരുന്നാലും ഒന്നുപയോഗിച്ചു് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും പ്രകൃതിയെ മലിനീകരിച്ചിരിക്കുന്നു. വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിൽ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകുന്നു എന്ന് തുടങ്ങി മത്സ്യങ്ങളെയും ജലജീവികളെയും ശ്വാസം മുട്ടിക്കുന്ന നിലയിലേക്ക് ഈ പ്രശ്നം വ്യാപിച്ചിരിക്കുന്നു. എന്നു മാത്രമല്ല മത്സ്യങ്ങളുടെയും ജലജീവികളുടെയും പ്രത്യുൽപ്പാദന ശേഷിയെ വരെ ബാധിച്ച് തുടങ്ങിയിരിയ്ക്കുന്നു.പല മത്സ്യങ്ങളും ജലജീവികളും അന്യം നിന്നു പോയാൽ അത്ഭുതപ്പെടാനില്ല. ചുരുക്കത്തിൽ ഭൂമിയിലെ ആവാസവ്യവസ്ഥയക്ക് ഭീഷണിയായിരിയ്ക്കുന്നു. പ്ലാസ്റ്റിക് .പ്ലാസ്റ്റിക്കിൻറെ മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ മനുഷ്യൻറെ ഭക്ഷ്യ ശൃംഗല യിൽ കടന്നുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നിരവധിയാണ്.

ഓരോ വർഷവും 11 ദശലക്ഷം ടൺ വരെ പ്ലാസ്റ്റിക് സമുദ്രജലത്തിലേക്ക് പ്രവേശിക്കുന്നതായി കണക്കാക്കപ്പെട്ടിരിയ്ക്കുന്നു. ഇത്രയും പ്ലാസ്റ്റിക് ഒഴുകി വരുന്നതു് ബീച്ചുകൾ, തെരുവുകൾ, നടപ്പാതകൾ, അഴുക്കുചാലുകൾ, തോടുകൾ, അരുവികൾ, നദികൾ എന്നിവിടങ്ങളിൽ നിന്നുമാണ്.കൂടാതെ ലക്ഷക്കണക്കിനു വരുന്ന കപ്പലുകളിൽ നിന്നു പോലും ഉപയോഗശേഷം പ്ലാസ്റ്റിക് ടിന്നുകളും മറ്റും ഇപ്പോഴും വലിച്ചെറിയുന്നു.പ്ലാസ്റ്റിക്കിൻറെ ഉൽപ്പാദനവും ഉപയോഗവും കുറച്ചു കൊണ്ടു വന്നേ പറ്റൂ. ഉറവിടത്തിൽ തന്നെ നിയന്ത്രിച്ചു കൊണ്ടു് ദൈനംദിന ആവശ്യങ്ങളിലേയക്ക് പുനരുപയോഗിയ്ക്കാൻ (Recycling)നമുക്ക് കഴിയണം.

നമ്മുടെ സമുദ്രങ്ങളിലും തടാകങ്ങളിലുംകാണുന്ന അവശിഷ്ടങ്ങളിൽ ഏറിയ ഭാഗവും പ്ലാസ്റ്റിക് ആണ്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ പല വലിപ്പത്തിലും ആകൃതിയിലുമുണ്ടു്. ഇതിൽ അഞ്ചു് മില്ലിമീറ്ററിൽ താഴെ നീളമുള്ളവയെ "മൈക്രോ പ്ലാസ്റ്റിക്സ് " എന്ന് വിളിക്കുന്നു.

സമുദ്രത്തിൽ എത്രത്തോളം പ്ലാസ്റ്റിക് ഉണ്ട്?

സമുദ്രത്തിൽ ഇപ്പോൾ 5.25 ട്രില്യൺ മാക്രോ, മൈക്രോ കഷണങ്ങളും സമുദ്രത്തിൻ്റെ ഓരോ ചതുരശ്ര മൈലിലും 46,000 കഷണങ്ങളുമുണ്ടു്. ഇവയുടെ ഭാരം 2,69000 ടൺ വരും.ഓരോ ദിവസവും ഏകദേശം 8 ദശലക്ഷം കഷണങ്ങൾ സമുദ്രങ്ങളിലേയ്ക്ക് ഒഴുകിയെത്തുന്നു.

കടലിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ എങ്ങനെയാണ് അപകടകരമാവുന്നതു്?

മത്സ്യം, കടൽ പക്ഷികൾ, കടലാമകൾ, കടൽ സസ്തനികൾ എന്നിവ പ്ലാസ്റ്റിക് അവശിഷ്ടങ്ങളിൽ കുടുങ്ങുകയോ ആഗിരണം ചെയ്യുകയോ ചെയ്യുന്നു.ഇത് അവയുടെ ശ്വാസംമുട്ടൽ, പട്ടിണി, മുങ്ങി മരണം എന്നിവയ്ക്ക് കാരണമാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രതിവർഷം ഒരു ദശലക്ഷം കടൽ പക്ഷികളെ കൊല്ലുന്നു. കടലാമകളെ പോലെ കടൽ പക്ഷികളും പ്ലാസ്റ്റിക് കഴിയ്ക്കുമ്പോൾ അത് അവയുടെ വയറ്റിൽ ഇടം പിടിക്കുകയും തദ്വാര ആഹാരത്തിൻറെ നീക്കം തടസ്സപ്പെട്ട് കൂടുതൽ ആഹരിയ്ക്കുവാനുള്ള ഇടം നഷ്ടപ്പെട്ട് പട്ടിണിക്ക് കാരണവുമാകുന്നു.

സമുദ്രത്തിലെ പ്ലാസ്റ്റിക് മൂലം എത്ര മൃഗങ്ങൾ മരിക്കുന്നു?

സമുദ്രമലിനീകരണത്തെപ്പറ്റിയുള്ള യുനെസ്കോയുടെ വസ്തുതകളും കണക്കുകളും ആധാരമാക്കിയാൽ സമുദ്രത്തിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കാരണം ഓരോ വർഷവും ഒരു ദശലക്ഷത്തിലധികം സമുദ്രജീവികൾ കൊല്ലപ്പെടുന്നു.

നമ്മൾ എത്ര പ്ലാസ്റ്റിക് കഴിയ്ക്കുന്നു? സമുദ്രത്തിലെ പ്ലാസ്റ്റിക് മനുഷ്യരെ എങ്ങനെ ബാധിയ്ക്കുന്നു.?

40 പൗണ്ടിലധികം പ്ലാസ്റ്റിക് ഒരു മനുഷ്യൻ്റെ ജീവിതകാലം അവൻ്റെ ഉള്ളിൽ കടക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ആസ്ത്രേലിയൻ ഗവേഷകരുടെ അഭിപ്രായത്തിൽ ലോകമെമ്പാടുമുള്ള ആളുകൾ ഓരോ ആഴ്ചയും 5 ഗ്രാം പ്ലാസ്റ്റിക് അറിയാതെ അകത്താക്കുന്നു. അല്ലെങ്കിൽ ഒരു ക്രെഡിറ്റ് കാർഡിൻറെയത്ര ഭാരം. ഇത് പ്രതിവർഷം 250 ഗ്രാം ആണ്. ഓരോ 12 മാസത്തിലും അര പൗണ്ടു് പ്ലാസ്റ്റിക്.

2050 ൽ മത്സ്യ മുണ്ടാകുമോ?

നിലവിലെ നിരക്കിൽ മത്സ്യബന്ധനം തുടർന്നാൽ ലോകത്ത് 2050 ഓടെ മത്സ്യം കഥാവശേഷമാകുമെന്ന് ഈ രംഗത്ത് നടത്തിയ ഒരു പഠനത്തിൽ കാണുന്നു. ഏറിയ പങ്കും വികസിത രാജ്യങ്ങളിൽ നിന്നുള്ള വ്യാവസായിക, ദീർഘദൂര മത്സ്യ ബന്ധന ക്കപ്പലുകൾ നിർബ്ബാധം തുടരുന്ന മത്സ്യ ബന്ധനം സമുദ്ര ഭക്ഷ്യ ശ്രംഖലയുടെ നാശത്തിന് കാരണമാകും.

സമുദ്രത്തിലെ പ്ലാസ്റ്റിക് എങ്ങനെ കുറയ്ക്കാം.?

1. സിംഗിൾ ഉപയോഗപ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക. 2. ശരിയായി റീസൈക്ലിംഗ് ചെയ്യുക. 3. ബീച്ച് ക്ലീനിംങ്ങും റിവർ ക്ലീനപ്പും തുടരെ സംഘടിപ്പിക്കുക. 4. സർക്കാർ തലത്തിലുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും നിശ്ചിത മേഖലകളിൽ ഏർപ്പെടുത്തുക. 5. മൈക്രോ ബീഡുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക. 6.ബോധവൽക്കരണത്തിനുപകരിയ്ക്കുന്ന മുദ്രാവാക്യങ്ങൾ, പ്രബോധനങ്ങൾ പ്രചരിപ്പിയ്ക്കുക.

സമുദ്രത്തിൽ പ്ലാസ്റ്റിക് അഴുകാൻ എത്ര സമയമെടുക്കും?

പ്ലാസ്റ്റിക് സമുദ്രത്തിൽ അഴുകി ഇല്ലാതാവാൻ 450 വർഷമെടുക്കും.യുഎസ്സ് നാഷണൽ ഓഷ്യാനിക് ആൻറ് അറ്റ്മോസ് ഫെറിക് അഡ്മിനിസ്ട്രേഷൻറെ എസ്റ്റിമേറ്റ് ആണിത്. മനുഷ്യനിർമ്മിത സമുദ്ര അവശിഷ്ടങ്ങൾ ജൈവ വിസർജ്ജനത്തിനുള്ള സമയദൈർഘ്യം കാണിക്കുന്ന ഡേറ്റ അനുസരിച്ചുള്ള കണക്കാണിത്.

നാം സമുദ്രത്തെ ഒരു ഡംപ് യാർഡ് ആക്കണോ?

ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പ് സമുദ്രത്തെ ആശ്രയിച്ചിരിയ്ക്കുന്നു. ഇതു് മഴയുടെ ഉറവിടമാണ്. സമുദ്രമാണു് കാലാവസ്ഥയെ നിയന്ത്രിയ്ക്കുന്നതു്. അത് നമുക്ക് ഭക്ഷണം നൽകുന്നു. കൂടാതെ എണ്ണമറ്റ ജന്തുക്കളുടെ ആവാസ കേന്ദ്രമാണ്.

പ്ലാസ്റ്റിക് കത്തിച്ചു കളഞ്ഞുകൂടെ?

പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ആരോഗ്യത്തിനു ഹാനികരമായ ഡയോക്സാനുകൾ സൃഷ്ടിയ്ക്കപ്പെടുന്നു. ഇൻസിനറേറ്ററുകൾ കാര്യക്ഷമമല്ലെങ്കിൽ ഇവ പരിസ്ഥിതിയിലേക്കൊഴുകുന്നു. ആധുനിക ഇൻസിനറേറ്ററുകൾ ഈ പ്രശ്നം പരിഹരിച്ചിരിക്കുന്നതായി പറയപ്പെടുന്നു.

പ്ലാസ്റ്റിക് മലിനീകരണം എങ്ങനെ തടയാം?

പ്ലാസ്റ്റിക് മിനീകരണം തടയുന്നതിനുള്ള പത്ത് മാർഗ്ഗങ്ങൾ! 1. ഒറ്റത്തവണ ഉപയോഗിയ്ക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുക. 2. കുപ്പിവെള്ളം വാങ്ങുന്നതു് നിർത്തുക.ആവശ്യത്തിനുള്ള ജലം ചൂടാക്കി തണുപ്പിച്ച് കൂടെ കരുതുക. 3. മൈക്രോ ബീഡുകൾ ബഹിഷ്ക്കരിയ്ക്കുക. 4. ഭക്ഷണം കൂടുതൽ വേവിക്കുക. 5. കഴിയുമെങ്കിൽ സെക്കൻ ഹാൻഡ് വസ്തുക്കളും വാങ്ങുക. 6. നിർബ്ബന്ധമായും റീസൈക്കിൾ ചെയ്യുക 7. ബാഗ് ടാക്സ് ഏർപ്പെടുത്തുക. 8. സാധനങ്ങൾ അൽപാൽപം വാങ്ങുന്നതു് ഒഴിവാക്കി കൂടുതൽ അള വിൽ വാങ്ങുക. 9. ഡ്രൈ ക്ലീനിംഗിനും മാർക്കറ്റിലേയ്ക്കും തുണി സഞ്ചികൾ കൊണ്ടു പോകുക. 10. പ്ലാസ്റ്റിക് നിർമ്മാതാക്കളിൽ സമ്മർദ്ദം ചെലുത്തുക.