info@dheevaratrust.com
സ്വമനസ്സിനെ സര്‍വ്വകാമനകളില്‍ നിന്നും നിയന്ത്രിച്ചു നിര്‍മുക്തമായി ആത്മസ്വരൂപത്തില്‍ ലയിച്ച മഹായോഗിയും സിദ്ധോപാസനയിലൂടെ ആത്മദർശനം നേടിയതുമായ വളരെ ചുരുക്കം സിദ്ധന്മാരിൽ ഒരാളാണ് ബേക്കൽ ബ്രഹ്മശ്രീ രാമഗുരു സ്വാമികൾ.
അറിവില്ലായ്‌മയും, ദുരാചാരങ്ങലും, നിറഞ്ഞാടിനിന്ന പ്രദേശത്തെ സമുദ്ധരിക്കാൻ ബ്രഹ്മശ്രീ രാമഗുരു സ്വാമികൾ അവാച്യമായ പങ്കുവഹിച്ചിരുന്നു. വേദങ്ങളും മന്ത്രങ്ങളും , യോഗയുമെല്ലാം ഹൃദ്ധ്യസ്ഥ മാക്കിയ ഗുരുനാഥൻ വളരെ ലളിതമായ രീതിയിൽ നിരാലംബർക്ക് മാർഗനിർദേശങ്ങൾ നൽകി സുഗമമായ ജീവിതം നയിക്കാൻ കാണഭൂതനായി.
പത്തു പതിനാലു ദശാബ്ദങ്ങൾക്കുമപ്പുറം, ഭൗതീക സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തു, ജിജ്ഞാസുക്കൾ വളരെ ദൂരെയുള്ള ഗുരുകുലത്തിൽ പോകണമായിരുന്നു വിദ്യ നേടാൻ.
ഗുരുനാഥന്റെ പിതാവ് ഗുരുകുലം തേടി ചെന്നെത്തിയത് അറുപതു കിലോമീറ്റർദൂരെയുള്ള കണ്ണൂർജില്ലയിലെ ഏഴിമലയ്ക്കടുത്തു കുന്നുരു എന്ന ഗ്രാമത്തിൽ ആയിരുന്നു. സംസ്കൃത ഭാഷയിലും ഭാരതീയ ഇതിഹാസ ശാസ്ത്രങ്ങളിലും പുരാണങ്ങളിലും യോഗയിലും പാണ്ഡിത്യം നേടിയ ശ്രീ പുരുഷോത്തമ ഗുരുവായിരുന്നു ഗുരുകുലം നടത്തി യിരുന്നത്. ഗുരുനാഥൻ വളരെ സമർത്ഥമായി തന്നെ തന്റെ ഗുരുനാഥനെ സേവിച്ചു പഠിച്ചു. ഇതിഹാസ- വേദാന്ത ശാസ്ത്ര - പുരാണ പഠനങ്ങളോടൊപ്പം യോഗാഭ്യാസവും ദന്ത മാർഗ്ഗവും നിർവികല്പ പരിശീലനവും നേടി. ഒരു ആത്മീയവാദിക്കു ആവശ്യമായവയിൽ ഏറെയും രാമഗുരുസ്വാമികൾ ഗുരുകുലത്തിൽ നിന്നും ഹൃദ്ധ്യസ്ഥമാക്കി
തങ്ങൾ മകനെ ഏൽപ്പിച്ചത് നല്ല വിജ്ഞാനിയായ ഗുരുവിന്റെ അടുത്ത് തന്നെയായിരുന്നു എന്ന് രാമനിലൂടെ മാതാപിതാക്കൾ തിരിച്ചറിഞ്ഞു.
തന്റെ പത്തൊന്പതാമത്തെ വയസ്സിൽ ബ്രഹ്മശ്രീ നാരായണ ഗുരുവിനെ കണ്ടുമുട്ടിയ ശ്രീരാമഗുരു താൻ പഠിച്ച കാര്യങ്ങൾ നാരായണ ഗുരുവുമായി പങ്കുവച്ചു. ശ്രീ രാമഗുരുവിന്റെ ആർഷ ഭാരത സംസ്കൃതിയിലെ വിജ്ഞാനത്തിൽ സംതൃപ്തനായ നാരായണഗുരു രാമനെ " ഗുരു"എന്നു ആദ്യമായി അഭിസംബോധന ചെയ്തു.
പകർച്ച വ്യാധികളും രോഗങ്ങളും പടർന്നു പിടിച്ചപ്പോൾ താൻ ഗുരുകുലത്തിൽ നിന്നും നേടിയ ആയുർവേദ ചികിത്സാ വിജ്ഞാനത്തിന്റെ മികവിൽ തന്റെ പന്ത്രണ്ടു ശിഷ്യന്മാരുമൊപ്പം നാട്ടിൻ പുറങ്ങളിൽ സഞ്ചരിച്ചു ഔഷധ ചെടികൾ ശേഖരിക്കുകയും അവയിൽ നിന്നും മരുന്നുകളുണ്ടാക്കി രോഗികൾ ആയിരുന്ന സാധു ജനങ്ങൾക്ക് വീട് വീടാന്തരം എത്തിച്ചു നൽകി അവരുടെ രോഗങ്ങൾ ശമിപ്പിച്ച മഹാസിദ്ധൻ കൂടി ആയിരുന്നു ശ്രീ രാമഗുരു സ്വാമികൾ.
നിരക്ഷരരും നിരാലംബരുമായ സാധുക്കൾ രോഗം വരുന്നത് ദൈവ കോപം കൊണ്ടാണെന്നു അന്ധമായി വിശ്വസിച്ചിരുന്നു, പക്ഷെ അത് രോഗങ്ങളെക്കാൾ വല്ല്യ മഹാരോഗമാണെന്നു തിരിച്ചറിഞ്ഞ ഗുരുനാഥൻ അവയെ ഉന്മൂലനം ചെയ്യാൻ ജനങ്ങളിലെ നിരക്ഷരത മാറ്റണമെന്നു ഉറച്ചു വിശ്വസിച്ചു, അതിനു വേണ്ടി പ്രവർത്തിച്ചു.
*മഹാസാമാധി *
1918 വൃശ്ചികം മൂന്നാം തിയതി വെളുപ്പിന് മൂന്നു മണിക്ക് ഗുരുനാഥൻ തന്റെ പന്ത്രണ്ടു ശിഷ്യ ഗണങ്ങളുടെ സാന്നിധ്യത്തിൽ ദേഹത്തിലെ നവദ്വാരങ്ങൾ ബന്ധിച്ചു സമാധിയായി പരമാത്മാവിൽ ഐക്യം പ്രാപിച്ചു.
ബ്രഹ്മശ്രീ രാമഗുരു സ്വാമികൾ അജ്ഞതയെന്ന ഇരുളിനെ നീക്കാൻ നിലവിളക്കിൽ കൊളുത്തിവച്ച ജ്ഞാന ദീപം ഇന്നും അണയാതെ വിഷ്ണു മഠത്തിന്റെ സാക്ഷാലിൽ (ഇന്നത്തെ രാമഗുരു മഠം) പ്രഭചൊരിയുന്നു ഒരു കെടാവിളക്കിന്റെ ചൈതന്യമായി ഗുരുനാഥൻ ഇന്നും ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നു.
വൃശ്ചികം മൂന്നാം തീയതി ബേക്കൽ ശ്രീ ബ്രഹ്മ ഗുരുസ്വാമിയുടെ മഹാസമാധി ദിനമായി ഇന്നും ആചരിക്കപ്പെടുന്നു.